
പ്രമുഖ കോർപ്പറേറ്റ് കമ്യൂണിക്കേഷൻ പ്രൊഫഷണലും, സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ മുഹമ്മദ് അലി പൂനൂരിന്റെ
ലൗ വിസ്പേഴ്സ് ഇൻ സൈലൻ്റ് സ്ട്രീറ്റ്സ് എന്ന ചെറുകഥാ സമാഹാരം ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ
ദോഹയിൽ പ്രകാശനം ചെയ്യപ്പെട്ടു. ദോഹയിലെ സാമൂഹിക സാംസ്കാരിക ഭൂമികയിൽ നിറ സാന്നിധ്യമായ എസ് എ എം ബഷീർ പ്രകാശന കർമ്മം നിർവ്വഹിച്ചു.
കവിയും വിവർത്തകയുമായ സുസ്മിത പഠ്നായക്ക് പുസ്തകം ഏറുവാങ്ങി. "ഫലസ്തീനും, അഫ്ഗാനിസ്ഥാനും, ഇറ്റലിയും, പഴയ കേരളവുമൊക്കെ പശ്ചാത്തലമാക്കുന്ന പതിമൂന്ന് കഥകൾ അടങ്ങുന്ന ഈ സമാഹാരം നല്ലൊരു വായനാനുഭവം നൽകുന്നു.
കഥാപാത്രങ്ങളിലൂടെ ദേശത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും അനാവരണം ചെയ്യുന്ന അന്യാദൃശമായ രചനാ കൗശലം കൊണ്ട് ശ്രദ്ധേയമാണ് ഈ സമാഹാരം.
നമ്മള് പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന സ്നേഹത്തിന്റെ മൃദു മര്‍മ്മരങ്ങള്‍ ഒപ്പിയെടുത്ത കഥകളെ മൂക വീഥികളിലെ സ്നേഹ മന്ത്രണങ്ങള്‍ എന്ന് മൊഴി മാറ്റി വിളിക്കാന്‍ ഞാൻ ഇഷ്ടപ്പെടുന്നു", പുസ്തകം പ്രകാശം ചെയ്തു സംസാരിക്കുകയായിരുന്ന എസ് എ എം ബഷീർ അഭിപ്രായപ്പെട്ടു. സഞ്ചാര സാഹൃത്യ കൃതികളിലൂടെ ശ്രദ്ധേയനായ യൂനുസ് പി ടി പുസ്തകം പരിചയപ്പെടുത്തി. ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് ഓ ക്കെ പരുമല, ഖത്തറിലെ മുൻകാല പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ മുഹമ്മദ് പാറക്കടവ്, ഡോ: ഷഫീഖ് താപ്പി, ഡോ: ഷഫീക്ക് ദാർ, ഫോറം സെക്രട്ടറി ഷംനാ ആസ്മി' എക്സിക്യൂട്ടീവ് അംഗം തൻസീം കുറ്റ്യാടി എന്നിവർ ആശംസ അർപ്പിച്ചു.ഓരൊ കഥയുടെയും പിറവിയെക്കുറിച്ചും, കഥകളുടെ രചനാ പാശ്ചാത്തലത്തെ കുറിച്ചുമൊക്കെയുള്ള തൻ്റെ അനുഭവങ്ങൾ
മുഹമ്മദ് അലി പൂനൂർ സദസ്സുമായി പങ്കുവെച്ചു. കൂടാതെ
സദസ്സിൽ നിന്നുള്ള പൊതു ഇടപെടലുകൾക്കും അദ്ദേഹം മറുപടി നൽകി ഫോറം പ്രസിഡണ്ട് ഡോ.സാബു. കെ. സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഹുസ്സൈൻ കടന്നമണ്ണ സ്വാഗത ഭാഷണവും അഷറഫ് മടിയാരി നന്ദി പ്രകടനവും നടത്തി.ഫോറം ട്രഷറർ അൻസാർ അരിമ്പ്ര പരിപാടി നിയന്ത്രിച്ചു. മജീദ് പുതുപ്പറമ്പ്, ജാബിർ റഹ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് ഹുസൈൻ വാണിമേൽ വായനാനുഭവം പങ്കു വെച്ചു. തൻ്റെ സ്കോട്ട്ലൻ്റ് കാരിയായ സ്കൂൾ ടീച്ചറുടെ വായനാനുഭവം, പൂനൂരിൻ്റെ പേരക്കുട്ടി കൂടിയായ മിസ് മറിയം റാംസി വേദിയിൽ വായിച്ചു.വൈസ് പ്രസിഡൻറ് ശ്രീകല ജിനൻ, ബാസ്സിൽ ഹുസൈൻ എന്നിവർ ചേർന്ന് ഒരുക്കിയ വീഡിയോ സദസ്സിൽ. പ്രദർശിപ്പിച്ചു.











